മാറ്റം അനിവാര്യമാണ്
ഭാരതത്തിന്റെ ഹൃദയഭാഗം എന്നുപറയുന്നത് ഗ്രാമങ്ങളാണ്. ഈ വാചകം ഒരിക്കൽ നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജി ഒരു വേദിയിൽ പ്രസംഗത്തിനിടെ പറഞ്ഞതാണ്. ശരി തന്നെയാണ് കാരണം ഒരു രാജ്യത്തിന്റെ ഹൃദയഭാഗം എന്ന് പറയുന്നത് ആ രാജ്യത്തിലെ ഗ്രാമങ്ങൾ തന്നെയാണ്. എന്നാൽ ഈ ഗ്രാമങ്ങൾ എന്തുകൊണ്ടാണ് ഒരു രാജ്യത്തിന്റെ ഹൃദയഭാഗം ആകുന്നത്. അതിന്റെ കാരണം യാതൊരു സംശയവും ഇല്ലാതെ തന്നെ നമുക്ക് പറയാൻ കഴിയും, ഗ്രാമത്തിന്റെ വശ്യസുന്ദരമായ ഭംഗി തന്നെയാണ്. ഗ്രാമത്തിനെ കുറിച്ച് സംസാരിക്കുമ്പോൾ ഏതൊരു മലയാളിയുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ചങ്ങമ്പുഴയുടെ വരികൾ തന്നെയാണ്. മലരണിക്കാടുകൾ തിങ്ങിവിങ്ങി മരതകകാന്തിയിൽ മുങ്ങിമുങ്ങി കരളും മിഴിയും കവർന്നു മിന്നി കറയറ്റൊരാലാസൽ ഗ്രാമഭംഗി. ഈ വരികളിൽ കവി എടുത്തു കാണിക്കുന്നത് ഗ്രാമത്തിന്റെ സുന്ദരമായ ഭംഗിയെ മാത്രമാണ്. നേരത്തെ പറഞ്ഞ പോലെ ഒരു രാജ്യത്തിന്റെ ഭംഗി കൂട്ടുന്നത് ആ രാജ്യത്തിലെ ഗ്രാമങ്ങൾ ആണെങ്കിൽ ഒരു ഗ്രാമത്തിലെ ഭംഗി കൂട്ടുന്നത് അവിടത്തെ ഭൂപ്രകൃതിയും അതിനോടൊപ്പം തന്നെ അവിടത്തെ കാർഷിക മേഖല കൂടിയാണ്… കാർഷിക മേഖലയെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മുടെയെല്ലാം മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് കേന്ദ്രം പാസാക്കിയ കാർഷിക ബില്ല് തന്നെയായിരിക്കും. ഒരു വിഭാഗം ആൾക്കാർ കാർഷിക ബില്ലിനെ അനുകൂലിക്കുകയും കുറച്ചു വിഭാഗം കാർഷിക ബില്ലിനെ എതിർക്കുകയും ചെയ്യുന്ന രംഗങ്ങൾ നമ്മൾ പലവിധത്തിലും ദർശിക്കുകയുണ്ടായി. കാർഷിക ബില്ല് കർഷകന് അനുകൂലമായോ പ്രതികൂലമായോ ബാധിക്കട്ടെ. ഞാനൊന്നു ചോദിക്കട്ടെ യഥാർത്ഥത്തിൽ ഇന്നത്തെ കർഷകന്റെ അവസ്ഥ എന്താണ്. കാർഷിക ബില്ല് കൊണ്ടുവന്നാൽ കർഷകരുടെ എല്ലാ വരുമാനവും കൊള്ളയടിക്കപ്പെടും എന്ന് പറഞ്ഞവരോട് എനിക്കൊന്നു ചോദിക്കാനുണ്ട് ഇന്നത്തെ കർഷകന്റെ യഥാർത്ഥ അവസ്ഥ എന്താണ്. ഫെയ്സ്ബുക്ക് പോസ്റ്റുകളിലും വാട്സ്ആപ്പ് സ്റ്റാറ്റസ്കളിലും മാത്രം നിറഞ്ഞു നിൽക്കുന്ന കർഷക സ്നേഹവും, കാർഷിക മേഖലയോടുള്ള ആവേശവും ഒക്കെ ഇന്നത്തെ നമ്മുടെ സമൂഹത്തിൽ കണ്ടുകൊണ്ടിരിക്കുകയാണ് നാം. ചിങ്ങം ഒന്നിന് കർഷകദിനം ആണെങ്കിൽ രാവിലെ എണീറ്റ് കഴിഞ്ഞാൽ ഗ്രൂപ്പിൽ വന്നിരിക്കുന്ന ഏതെങ്കിലുമൊരു കരിഞ്ഞുണങ്ങിയ കർഷകന്റെ ഫോട്ടോയെടുത്ത് സ്റ്റാറ്റസ് വെച്ച് കർഷക സ്നേഹം പങ്കുവയ്ക്കുന്ന നമ്മുടെ മലയാളി ഇങ്ങനെ തരം താഴ്ന്ന് പോയതിന് ആരാണ് കാരണം . സ്വന്തം വീട്ടിൽ ഒരു അടുക്കളത്തോട്ടം എങ്കിലും ഉണ്ടാക്കി തന്റെ മക്കൾക്ക് കാണിച്ച് കൊടുക്കാതെ നാഴികക്ക് നാൽപത് വട്ടം കാർഷികമേഖലയെ കുറിച്ച് പറയുന്ന നമ്മുടെ സമൂഹത്തിലെ ആളുകളും ഇതിന്റെ മറ്റൊരു ശാപമാണ്. മാറിമാറി വരുന്ന സർക്കാറുകൾ കാർഷികമേഖലയെ പരിപോഷിപ്പിക്കാൻ വേണ്ടി പലവിധത്തിലുള്ള സംഭാവനകൾ നൽകിയിട്ടും എന്തുകൊണ്ടാണ് ഇന്നും നമ്മുടെ നാടിന് കാർഷിക പുരോഗതി കൈവരിക്കാൻ സാധിക്കാത്തത് എന്ന് നമ്മൾ പരിശോധിക്കേണ്ടിയിരിക്കുന്നു. അച്ഛൻ അമ്മ ഒരു കുട്ടി എന്നുള്ള അണുകുടുംബ വ്യവസ്ഥയിലേക്ക് നമ്മുടെ സമൂഹം ചുരുങ്ങിയപ്പോൾ നമ്മൾ മറന്നത് നമ്മൾ പരിപാലിച്ചു പോന്നിരുന്ന നമ്മുടെ കാർഷിക സംസ്കാരത്തെ കൂടിയാണ് എന്നതിൽ തർക്കമില്ല. ഇന്നത്തെ തലമുറയിൽ ഒരു കുട്ടി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ മുന്നിലേക്ക് അമ്മ കൊണ്ടുവന്ന ചോറ് കഴിക്കുമ്പോൾ ആ കുട്ടി ചിന്തിക്കുന്നത് എത്ര കഷ്ടപ്പെട്ടിട്ടാണ് എന്റെ അമ്മ എനിക്ക് ചോറുണ്ടാക്കി തരുന്നത് എന്നതാണ്.. എന്നാൽ ആ ചോറ് ഉണ്ടാക്കാൻ ആവശ്യമായ അരി തന്റെ വീട്ടിലെ ബക്കറ്റിൽ എങ്ങനെയാണ് എത്തുന്നത്, ആരെല്ലാം ആണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് എന്ന് ആ കുട്ടി ചിന്തിക്കുമ്പോഴാണ് നമ്മുടെ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂർണ്ണമാകുന്നത്.
അപ്പോൾ മാറ്റേണ്ടത് നമ്മുടെ വിദ്യാഭ്യാസ നയം തന്നെയല്ലേ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഈ പ്രകൃതി ഉണ്ടായതുകൊണ്ടാണ് മനുഷ്യൻ ഉണ്ടായത് എന്നും, ഈ പ്രകൃതിക്ക് മുകളിലാണ് മനുഷ്യൻ ചവിട്ടി നിൽക്കുന്നത് എന്നുള്ള ബോധ്യം ഉണ്ടാകുമ്പോൾ മാത്രമാണ് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ ഓരോ കുട്ടിയും തുടങ്ങുന്നത്. അത്തരത്തിലുള്ള ഒരു വിദ്യാഭ്യാസമാണ് നമ്മൾ കൊണ്ടുവരേണ്ടത്. ഞാൻ പറഞ്ഞു വന്നത് കാർഷിക മേഖലയെ കുറിച്ച് ആണെങ്കിലും കൃഷിയും പ്രകൃതിയും ഒരു ചങ്ങലയ്ക്ക് ഉള്ളിലെ കണ്ണികൾ തന്നെയാണ്.
എന്തുകൊണ്ടാണ് നമ്മുടെ പുതിയ തലമുറ കൃഷിയിലേക്ക് ഇറങ്ങാത്തത് എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ. നമ്മൾ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പക്ഷേ സർക്കാർ ജോലിയും വൈറ്റ് കോളർ അന്വേഷിച്ച് നടക്കുന്ന നമ്മുടെ സമൂഹത്തിനിടയിൽ ഈ ചോദ്യത്തിന് എന്ത് പ്രസക്തിയാണുള്ളത്.ന്റെ കുഴപ്പമില്ല. നിന്ന് ,
ഇത്രയും പറഞ്ഞ സ്ഥിതിക്ക് വളരെ രസകരം ആയിട്ടുള്ള ഒരു കാര്യം കൂടി ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുകയാണ്. ഞാനൊരു കാര്യം തുറന്നു ചോദിക്കട്ടെ. എന്റെ ഈ വരികൾ വായിക്കുന്ന എത്രപേർ സ്വന്തം മകളെ ഒരു കൃഷിക്കാരന് കല്യാണം കഴിച്ചു കൊടുക്കും അല്ലെങ്കിൽ എത്രപേർ എന്റെ ഭാവി വരൻ ഒരു കൃഷിക്കാരനായാൽ എനിക്ക് ഒരു കുഴപ്പവും ഇല്ല എന്ന് വിചാരിക്കുന്നുണ്ട്. അപ്പോൾ അവിടെ തുടങ്ങുകയാണ് നമ്മുടെ ഓരോ പ്രശ്നവും. ആരെയും ദേഷ്യപ്പെടുത്താൻ വേണ്ടി പറഞ്ഞത് അല്ലാട്ടോ. എനിക്ക് തോന്നിയ കാര്യങ്ങൾ പറഞ്ഞു എന്നെ ഉള്ളു. നമ്മൾ മാറേണ്ടത് നമ്മുടെ ആവശ്യമല്ലേ. നമ്മുടെ വരും തലമുറയെങ്കിലും ഇത്തരം കാര്യങ്ങൾ അറിഞ്ഞു ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കാം
ശുഭം……………
സുധീഷ്.കുളപ്പട
No comments:
Post a Comment